×

മൂത്രനാളത്തിലെ അണുബാധകൾ- കാരണങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സ (Urinary Tract Infection)

Produced by Modasta: |
1+
Email this to someoneShare on LinkedInTweet about this on TwitterShare on Google+Share on Facebook

മൂത്രനാളത്തിലെ അണുബാധയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ എന്നിവയെ കുറിച്ച് സംസാരിക്കുന്നത് ബാംഗ്ളൂർ അപ്പോളോ ക്രാഡിൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സ്വപ്ന രാമലിംഗാചാർ.

വൃക്കകൾ, ഗർഭപാത്രം, മൂത്രസഞ്ചി, മൂത്രമാർഗം തുടങ്ങിയ ഭാഗങ്ങൾ ഉൾപ്പെടുന്ന യൂറിനറി വ്യവസ്ഥയുടെ ഒരു ഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് മൂത്രനാളിയിലെ അണുബാധ. മൂത്രമാർഗത്തിന്റെ കീഴ്ഭാഗത്താണ് (മൂത്രനാളം, മൂത്രസഞ്ചി) സാധാരണയായി അണുബാധയുണ്ടാവുന്നത്. ഇത് ചികിത്സിക്കാതെ അവഗണിച്ചാൽ വൃക്കകളെയും ബാധിക്കാം.

സ്ത്രീകളാണ് പുരുഷന്മാരെക്കാൾ കൂടുതൽ മൂത്രനാളിയിലെ അണുബാധയെ കുറിച്ച് പരാതിപ്പെടാറുള്ളത്. ഇതിനു കാരണം അവരുടെ മൂത്രനാളിക്ക് നീളം കുറവായതാണ്. അടിക്കടി അണുബാധയുണ്ടാവാനുള്ള സാധ്യതയുമുണ്ട്. ഇ-കോളി ബാക്ടീരിയയാണ് സാധാരണയായി മൂത്രനാളത്തിലെ അണുബാധയ്ക്ക് കാരണമാവുന്നത്.

ഇനി പറയുന്ന സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് മൂത്രനാളത്തിൽ അണുബാധയുണ്ടാവാം;

 • ആർത്തവകാലം
 • ഗർഭാവസ്ഥ
 • ആർത്തവ വിരാമത്തിനു ശേഷം
 • ലൈംഗികബന്ധം

“ മൂത്രനാളത്തിൽ അണുബാധ ഉണ്ടാകാൻ സ്ത്രീകൾക്കാണ് സാധ്യത കൂടുതൽ. ഇത് ഒഴിവാക്കാൻ വ്യക്തിശുചിത്വം കർശനമായി പാലിക്കുകയും കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കുകയും നിർജലീകരണം തടയുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും പൊതുവായ ആരോഗ്യം നിലനിർത്താൻ വേണ്ട ശ്രദ്ധചെലുത്തുകയും വേണം. പെൺകുട്ടികൾക്ക് മൂത്രനാളത്തിലെ അണുബാധയെ കുറിച്ചുള്ള അറിവ് പകർന്നു നൽകുന്നതിലൂടെ അവരിൽ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാൻ സാധിക്കും”, ഡോ. സ്വപ്ന പറയുന്നു.

മൂത്രനാളത്തിലെ അണുബാധയുടെ ചില ലക്ഷണങ്ങൾ ഇനി പറയുന്നു;

 • അടിക്കടി ഉണ്ടാകുന്ന മൂത്രശങ്ക
 • അടിവയറ്റിൽ വേദന
 • മൂത്രമൊഴിക്കുമ്പോൾ അസ്വസ്ഥത
 • ഇരുണ്ട നിറത്തിലുള്ള മൂത്രം
 • മൂത്രത്തിന് ദുർഗന്ധം
 • വസ്തിപ്രദേശത്ത് വേദന
 • അണുബാധ ശക്തമാണെങ്കിൽ പനി

എങ്ങനെ രോഗനിർണയം നടത്താം? നിങ്ങൾക്ക് മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടാനാണ് ശുപാർശചെയ്യുന്നത്. നിങ്ങളുടെ ഡോക്ടർ അണുബാധ സ്ഥിരീകരിക്കാനായി യൂറിൻ റുട്ടീനും മൈക്രോസ്കോപ് പരിശോധനയും നടത്തും. ചില അവസരങ്ങളിൽ യൂറിൻ കൾച്ചറും സെൻസിറ്റിവിറ്റിയും ശുപാർശചെയ്യപ്പെട്ടേക്കാം.

മൂത്രനാളത്തിലെ അണുബാധയുടെ ചികിത്സയ്ക്ക് ആന്റിബയോട്ടിക്കുകൾ നൽകും. ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കടകളിൽ നിന്ന് ലഭിക്കുന്ന മറ്റ് ചില മരുന്നുകളും നിർദേശിച്ചേക്കാം.

വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ മൂത്രനാളത്തിലെ അണുബാധ ഒഴിവാക്കാൻ സാധിക്കും. വൃക്കകളെ ബാധിക്കാമെന്നതിനാൽ ആരും ഇത് നിസ്സാരമായി കണക്കാക്കരുത്.

Copyright © 2018 Modasta. All rights reserved