×

കുട്ടികളിലെ ക്രാഡിൽ ക്യാപ്; എന്താണ് ചികിത്സ? (How To Treat Your Baby’s Cradle Cap)

how to treat your baby's cradle cap

ഒന്നോ രണ്ടോ മാസം പ്രായമുള്ള കുഞ്ഞുങ്ങളുടെ തലയോട്ടിയിൽ ഉണ്ടാകാവുന്ന മഞ്ഞയോ വെളുപ്പോ നിറത്തിലുള്ള തടിപ്പുകളോ പാടുകളോ ആണ് ക്രാഡിൽ ക്യാപ്. ഇത് തീർത്തും അപകടരഹിതമായ ഒരു അവസ്ഥയായതിനാൽ മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ല. മുതിർന്നവരിലെ താരൻ (സെബോറിയ) എന്ന അവസ്ഥയാണിത്.

നവജാതശിശുക്കളിലും മൂന്നു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളിലുമാണ് ക്രാഡിൽ ക്യാപ് എന്ന അവസ്ഥ സാധാരണ കണ്ടുവരാറുള്ളത്. ചില കുട്ടികളിൽ തലയോട്ടിയിൽ ചില ഭാഗങ്ങളിൽ മാത്രമുള്ള പൊറ്റകൾ ആയിരിക്കും കാണപ്പെടുക. മറ്റുചിലരിലാവട്ടെ, തലയോട്ടി മുഴുവനും ഇത് വ്യാപിച്ചിരിക്കുന്നതായി കാണാം. ചിലയവസരങ്ങളിൽ, കൺപുരികങ്ങൾ, കൺപോളകൾ, ചെവി, പിൻകഴുത്ത്, കക്ഷം, ഡയപർ വയ്ക്കുന്നഭാഗം എന്നിവിടങ്ങളിലേക്കും ബേബി ക്രാഡിൽ വ്യാപിച്ചേക്കാം. എന്നാൽ, ഇത് സ്പർശനം മൂലം പകരില്ല. ശുചിത്വമില്ലായ്മയുടെ സൂചനയാണ് ഇത് എന്നുകൂടി മനസ്സിലാക്കുക.

ലക്ഷണങ്ങൾ എന്തൊക്കെ?

ക്രാഡിൽ ക്യാപിന്റെ സാധാരണ ലക്ഷണങ്ങൾ ഇനി പറയുന്നു;

 • തലയോട്ടിയിൽ പൊറ്റകൾ കാണപ്പെടുക
 • എണ്ണമയമുള്ള ചർമ്മവും വെളുത്തത് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള പൊറ്റകളും
 • ഇളം ചുവപ്പുനിറം
 • ചർമ്മത്തിന്റെ അടരുകൾ
 • ചെവി, കൺപോളകൾ, മൂക്ക്, കഴല എന്നിവിടങ്ങളിലും ചർമ്മം പൊറ്റപിടിച്ചിരിക്കാം.

ക്രാഡിൽ ക്യാപിന് ക‍ാരണമെന്ത്?

ക്രാഡിൽ ക്യാപിന്റെ കാരണങ്ങൾ വ്യക്തമല്ല. ഇതിലേക്ക് നയിക്കാവുന്ന ചില ഘടകങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്;

 • ഹോർമോൺ: ജനിക്കുന്നതിനു മുമ്പ് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് കൈമാറ്റംചെയ്യപ്പെടുന്ന ഹോർമോണുകൾ ഇതിനു കാരണമായേക്കാം. ഇത് കുഞ്ഞിന്റെ തലയോട്ടിയിലെ എണ്ണ ഗ്രന്ഥികൾ കൂടുതൽ എണ്ണ (സേബം) ഉത്പാദിപ്പിക്കാൻ കാരണമായേക്കാം.
 • ഫംഗസ്: തലയോട്ടിയിലെ സേബത്തിൽ വളരുന്ന മലാസെസിയ (Malassezia) എന്ന ഫംഗസും ഇതിന് കാരണമായേക്കാം.
 • മറ്റു ഘടകങ്ങൾ: കൂടുതൽ ചൂട് അല്ലെങ്കിൽ തണുപ്പ് ഉള്ള കാലാവസ്ഥ, എണ്ണമയമുള്ള ചർമ്മം, പ്രതിരോധശേഷിക്കുറവ്, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയും ഇതിന് കാരണമായേക്കാം.

എങ്ങനെ ചികിത്സിക്കാം?

ആദ്യമായി, ക്രാഡിൽ ക്യാപ് നിങ്ങളുടെ കുഞ്ഞിന് ദോഷകരമല്ല എന്ന് മനസ്സിലാക്കുക. സാധാരണഗതിയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ അത് താനേ ഭേദമാവും. ഇതിന് വേണ്ടി ചെയ്യേണ്ടത് ഇത്രമാത്രം, ശക്തികുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് ദിവസവും കുഞ്ഞിന്റെ തല കഴുകി വൃത്തിയാക്കുക.

പാടുകൾ അല്ലെങ്കിൽ പൊറ്റകൾ എളുപ്പം ഭേദപ്പെടുന്നില്ല എങ്കിൽ അവ നിയന്ത്രണവിധേയമാക്കാൻ ചില വീട്ടു ചികിത്സകളുണ്ട്;

 • ഷാമ്പൂ ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് ബേബി ഓയിലോ പെട്രോളിയം ജെല്ലിയോ കുട്ടിയുടെ തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഇത് പൊറ്റകൾ ഇളകിപ്പോകാൻ സഹായിക്കും.
 • ഷാമ്പൂ ചെയ്യുമ്പോൾ മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് പതുക്കെ ഉരയ്ക്കുന്നതും പൊറ്റകൾ ഇളകിപ്പോകാൻ സഹായിക്കും.
 • ഷാമ്പൂ ചെയ്തശേഷം എണ്ണമയം പൂർണമായി കഴുകി കളയണം, എണ്ണമയം ബാക്കിയിരിക്കുന്നത് ക്രാഡിൽ ക്യാപിനെ വഷളാക്കും.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

മുകളിൽ പറഞ്ഞിരിക്കുന്ന വഴികളൊന്നും ഫലപ്രദമായില്ലെങ്കിൽ നിങ്ങളുടെ കുഞ്ഞിനെ ഒരു പീഡിയാട്രീഷ്യനെയോ ഡെർമറ്റോളജിസ്റ്റിനെയോ കാണിക്കാം. താരൻ ഇല്ലാതാക്കാനുള്ള ശക്തികുറഞ്ഞ ഷാമ്പൂ ആയിരിക്കും ഡോക്ടർമാർ നിർദേശിക്കുന്നത്. ഷാമ്പൂ  ഉപയോഗിക്കുമ്പോൾ അത് കുഞ്ഞിന്റെ കണ്ണിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം.

ക്രാഡിൽ ക്യാപ് എന്ന് പറയുന്നത് വളരെ സാധാരണവും അപകടരഹിതവുമായ ഒരു അവസ്ഥയാണെന്ന് മനസ്സിലാക്കുക. ലളിതമായ വീട്ടുചികിത്സയിലൂടെ അത് ഭേദമാക്കാവുന്നതേയുള്ളൂ. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ഒരു രീതിയിലും ഗുരുതരമായി ബാധിക്കില്ല. അതിനാൽ, അതേക്കുറിച്ചുള്ള പിരിമുറുക്കം ഒഴിവാക്കുക.

Copyright © 2017 Modasta. All rights reserved

അവലംബം

0
Email this to someoneShare on LinkedInTweet about this on TwitterShare on Google+Share on Facebook
 • Cradle cap. Available at http://www.nationwidechildrens.org/cradle-cap. Accessed on 28th june 2016.
 • Cradle cap- Seborrheic Dermatitis. Available at https://www.kaahe.org/en/ArabicSampleModules/modules/derm/dm1401a1/dm140101/dm140101.pdf. Accessed on 28thJune 2016.
 • Cradle Cap. Available at http://kidshealth.org/en/parents/cradle-cap.html#. Accessed on 28th June 2016.
 • Cradle Cap. Available at https://www.healthychildren.org/English/ages-stages/baby/bathing-skin-care/Pages/Cradle-Cap.aspx. Accessed on 28th June 2016.

അനുബന്ധ ലേഖനങ്ങൾ

ഈ വിഭാഗത്തിൽ നിന്ന് കൂടുതൽ